This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള കേരകര്‍ഷക സഹകരണ ഫെഡറേഷന്‍ (കേരഫെഡ്)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള കേരകര്‍ഷക സഹകരണ ഫെഡറേഷന്‍ (കേരഫെഡ്)

സംസ്ഥാനത്തെ നാളികേര കര്‍ഷകരുടെ സഹകരണസംഘങ്ങളുടെ നേതൃസ്ഥാനത്തുള്ള സര്‍ക്കാര്‍നിയന്ത്രിത സ്ഥാപനം. 1987-മുതല്‍ തിരുവനന്തപുരം ആസ്ഥാനമാക്കി 'കേര' എന്ന വിപണിനാമത്തിലുള്ള വെളിച്ചെണ്ണ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നത് കേരഫെഡാണ്. ഇന്ത്യയിലെതന്നെ വെളിച്ചെണ്ണ ഉത്പാദനത്തില്‍ ഒന്നാംനിരയിലുള്ള സ്ഥാപനമാണിത്. പ്രതിദിനം 200 ടണ്‍ വെളിച്ചെണ്ണയാണ് കൊല്ലം കരുനാഗപ്പള്ളിയിലെ കേരഫെഡ് യൂണിറ്റില്‍ നിര്‍മിക്കപ്പെടുന്നത്. സംസ്ഥാനത്തെ കേരകര്‍ഷകരില്‍ നിന്നും കൊപ്ര സംഭരിച്ചാണ് കേരഫെഡ് പ്രവര്‍ത്തിക്കുന്നത്. ഉത്തര, മധ്യ, ദക്ഷിണ മേഖലയിലായി 900-ത്തോളം പ്രാഥമിക കാര്‍ഷിക ക്രെഡിറ്റ് സഹകരണ സൊസൈറ്റികള്‍ വഴിയാണ് കേരഫെഡ് പ്രവര്‍ത്തിക്കുന്നത്. വെളിച്ചെണ്ണയുടെ തനതുനിറവും ഗന്ധവും നിലനിര്‍ത്താനായി പ്രത്യേക സാങ്കേതികവിദ്യയാണ് കേരഫെഡ് അനുവര്‍ത്തിച്ചുപോരുന്നത്. എണ്ണയ്ക്കു പുറമേ നാളികേരവുമായി ബന്ധപ്പെട്ട മറ്റ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ കേരഫെഡ് ശ്രമിച്ചുവരുന്നു. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് എന്നിവയ്ക്കുപുറമേ 5000 പ്രാദേശിക ഔട്ട്ലെറ്റുകളിലൂടെയാണ് കേരഫെഡ് വിപണനം നടത്തുന്നത്.

കേരഫെഡിനു കീഴിലുള്ള സഹകരണസംഘങ്ങളില്‍ 27 ലക്ഷത്തോളം നാളികേര കര്‍ഷകര്‍ അംഗങ്ങളായുണ്ട്. സംസ്ഥാനത്ത് പാചക എണ്ണയുടെ ഇറക്കുമതി കുറയ്ക്കുക, കൊപ്ര സംഭരണത്തിലൂടെ കര്‍ഷകര്‍ക്ക് ലാഭം നല്കുക തുടങ്ങിയവയാണ് കേരഫെഡിന്റെ പ്രധാന ലക്ഷ്യങ്ങള്‍. നാളികേര കര്‍ഷകര്‍ക്ക് ആവശ്യമായ പരിശീലനപരിപാടികള്‍, പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കുക, കൊപ്ര ഉണക്കല്‍ യന്ത്രങ്ങള്‍ വാങ്ങാന്‍ വേണ്ട സാമ്പത്തിക സഹായം നല്കുക എന്നിവ കേരഫെഡ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍